എന്താണ് ഗ്നൂ ലിനക്സ്?



മൗസിന്റെയും നിറങ്ങളുടെയുമെല്ലാം 'കണ്ടെത്തലി'ന്റെ പേരില്‍ ലോകം മൈക്രോസോഫ്റ്റിനെയും ആപ്പിളിനെയും പുകഴ്ത്തുമ്പോള്‍, യഥാര്‍ഥത്തില്‍ അത്തരം മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ട വലിയൊരു ഹാക്കര്‍സമൂഹം നിശബ്ദരായിരുന്നു; മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി), സെറോക്‌സ് പോലുള്ള സ്ഥാപനങ്ങളില്‍.

പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍ പുതിയ ജാലകങ്ങള്‍ തുറന്നുകൊണ്ടാണ് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് കടന്നുവന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്‌ക്രീനുകളുടെയും മടുപ്പന്‍ കമാന്‍ഡുകളുടെയും ലോകത്തുനിന്ന് ഉപയോക്താക്കളെ അത് നിറങ്ങളുടെയും ചിത്രങ്ങളുടെയും മൗസിന്റെയും ലോകത്തെത്തിച്ചു. സാധാരണക്കാര്‍ക്ക് അത് തികച്ചും പുതിയ അനുഭവമായിരുന്നു. 

എന്നാല്‍, സാങ്കേതികവിദഗ്ധര്‍ക്ക് അത് അത്ര വലിയ അത്ഭുതമായിരുന്നില്ല.

വിന്‍ഡോസിന്റെ പിറവിക്ക് പത്തുകൊല്ലം മുമ്പുണ്ടായതാണ് WIMP എന്ന പ്രയോഗം.'വിന്‍ഡോസ്, ഐക്കണ്‍സ്, മെനുസ്, പോയിന്റേഴ്‌സ്' എന്നതാണ് ഇതിന്റെ പൂര്‍ണ്ണരൂപം. അതിനും ഇരുപതുകൊല്ലം മുമ്പാണ് വീഡിയോയും പ്രസന്റേഷനുകളും സാദ്ധ്യമായ എന്‍.എല്‍.എസ്. കമ്പ്യൂട്ടര്‍ സിസ്റ്റം രൂപപ്പെടുന്നത്.

അപ്പോള്‍ മൈക്രോസോഫ്റ്റും മറ്റും ചെയ്തതെന്തായിരുന്നു? 
ഗവേഷണസ്ഥാപനങ്ങളില്‍ ആരുമറിയാതെ കിടന്ന കണ്ടെത്തലുകളെ പൊതുജനങ്ങളിലേക്കെത്തിച്ചു എന്നതുതന്നെ. എന്നാല്‍, ഈ കമ്പനികള്‍ ഉപയോക്താക്കള്‍ക്കുമേല്‍ നിയന്ത്രണമേര്‍പ്പെടുത്തി. സോഫ്റ്റ്‌വേറുകള്‍ നമുക്ക് പകര്‍ത്താനോ പരിഷ്‌കരിക്കാനോ കഴിയാത്ത വിധമാണ് വില്‍പ്പനയ്‌ക്കെത്തിയത്. സാങ്കേതികലോകത്തിന്റെ വളര്‍ച്ച മുരടിപ്പിക്കുന്ന സമീപനമായിരുന്നു അത്.

ഗവേഷണശാലകളിലെ പല കണ്ടെത്തലുകളും ഉപയോക്താക്കള്‍ക്ക് മുന്നിലെത്താതായി. പുതിയ സംവിധാനങ്ങള്‍ പലതും സോഫ്റ്റ്‌വേര്‍ കമ്പനികള്‍ അവതരിപ്പിക്കാതിരുന്നു. പേറ്റന്റുകള്‍, നിയമത്തര്‍ക്കങ്ങള്‍, അധികച്ചെലവ് എന്നിവയൊക്കെ കാരണമായി. മൈക്രോസോഫ്റ്റ്‌പോലുള്ള ഒന്നുരണ്ടു സ്ഥാപനങ്ങളെ മാത്രം ആശ്രയിച്ചുനിന്ന പൊതുജനം ഇതൊന്നുമറിഞ്ഞില്ല. 

സോഫ്റ്റ്‌വേര്‍ രംഗത്തെ കുത്തകയ്‌ക്കെതിരെയാണ് 1980കളില്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ നേതൃത്വത്തില്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം രൂപംകൊള്ളുന്നത്. അതിന്റെ ഭാഗമായി ഗ്‌നു/ലിനക്‌സ് (GNU/Linux) ഓപ്പറേറ്റിങ് സിസ്റ്റം പിറവികൊണ്ടു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സന്നദ്ധപ്രോഗ്രാമര്‍മാര്‍ കൈകോര്‍ത്തു. ഒട്ടേറെ പ്രോഗ്രാമുകള്‍ തയ്യാറാക്കപ്പെട്ടു. ഗവേഷണതല്‍പ്പരരും ഹാക്കര്‍മാരും ഒരു സമൂഹമായി തയ്യാറാക്കിയതുകൊണ്ട് അവ സുരക്ഷിതമായിരുന്നു, പുതുമയുള്ളതായിരുന്നു, സാങ്കേതികഭദ്രതയേറിയതും ആയിരുന്നു. 

രണ്ടായിരമാണ്ട് തുടങ്ങുമ്പോഴേക്കും ഇന്റര്‍നെറ്റ് സെര്‍വറുകളുടെയും സൂപ്പര്‍കമ്പ്യൂട്ടറുകളുടെയും ഇഷ്ടതോഴനായി ഗ്‌നു/ലിനക്‌സ് മാറിയിരുന്നു. എന്നാല്‍ ഡെസ്‌ക്ടോപ്പ് രംഗത്ത് അതിന്റെ വ്യാപനം വ്യാപകമായില്ല. ഡെവലപ്പര്‍മാര്‍, സാങ്കേതികഭദ്രതയോ സൗജന്യമോ കരുതി വരുന്നവര്‍, സ്വതന്ത്രസോഫ്റ്റ്‌വേര്‍ തത്വശാസ്ത്രം തലയ്ക്കുപിടിച്ചവര്‍ - ഈ മൂന്നു കൂട്ടരേ അതുപയോഗിച്ചുള്ളൂ. 

ചുവടുറപ്പിക്കല്‍

എന്തെല്ലാം മേന്മകള്‍ പറയാമെങ്കിലും, സാധാരണക്കാരെ ആകര്‍ഷിക്കാനുള്ള പ്രൊഫഷണല്‍ തന്ത്രങ്ങള്‍ ഗ്‌നു/ലിനക്‌സ് പതിപ്പുകള്‍ക്കില്ലായിരുന്നു എന്നതാണ് വാസ്തവം. മനോഹരമായ അനിമേഷനോടെ വിന്‍ഡോസ് പതിപ്പുകള്‍ ലോഡായി വരുമ്പോഴും കറുത്ത സ്‌ക്രീനില്‍ ലോഗ് മെസേജുകള്‍ തുരുതുരാ പ്രിന്റ് ചെയ്തായിരുന്നു ഗ്‌നു/ലിനക്‌സിന്റെ ഉറക്കമുണരല്‍.

ഇന്ന് പക്ഷേ, കഥ മാറിയിരിക്കുന്നു. ഡെസ്‌ക്ടോപ്പ് രംഗത്ത് ഗ്‌നു/ലിനക്‌സിന്റെ വേരുറപ്പിക്കാനായി കനോണിക്കല്‍ പോലുള്ള കമ്പനികളും ഗ്‌നോം പോലുള്ള സന്നദ്ധസംഘങ്ങളും രംഗത്തുണ്ട്. അങ്ങനെയാണ് വിന്‍ഡോസ് 8 വരുന്നതിനുമുമ്പേ ഉബുണ്ടു പോലുള്ള ഗ്‌നു/ലിനക്‌സ് പതിപ്പുകളുടെ സ്‌ക്രീന്‍ ആന്‍ഡ്രോയ് മോഡല്‍ ആയത്. അനിമേഷനുകളും എഫക്റ്റുകളും കയറിക്കൂടിയത്. 

ഒപ്പം, ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ ഒ.എസ്. ഉപയോഗിക്കാവുന്ന 'ലൈവ് സി.ഡി' സംവിധാനവും. വിന്‍ഡോസ് പ്രോഗ്രാമുകള്‍ ഗ്‌നു/ലിനക്‌സില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന വൈനും, ഉബുണ്ടുവിനെ ലക്ഷ്യംവെച്ചുള്ള ആപ്പുകളും ഗെയിമുകളുമടങ്ങുന്ന ഉബുണ്ടു സോഫ്റ്റ്‌വെയര്‍ സെന്ററുമെല്ലാമായപ്പോള്‍, ലക്ഷങ്ങള്‍ ഗ്‌നു/ലിനക്‌സിലേക്ക് ചേക്കേറി. വിന്‍ഡോസിനൊപ്പം ഒരു രണ്ടാം ഒ.എസ്. ആയും കുറേപ്പേര്‍ ഉബുണ്ടു ഇപ്പോള്‍ ഉപയോഗിച്ചുവരുന്നു. 

വിന്‍ഡോസ് പോലെ ഒരൊറ്റ കമ്പനി ഇറക്കുന്നതല്ല ഗ്‌നു/ലിനക്‌സ്. വിവിധ സ്ഥാപനങ്ങളും സംഘങ്ങളും അവരവരുടേതായ ഗ്‌നു/ലിനക്‌സ് പതിപ്പുകള്‍ ഇറക്കുന്നു. 'വിതരണങ്ങള്‍' ( distributions/distros ) എന്നാണ് ഇവ അറിയപ്പെടുന്നത്.

ഡെബീയന്‍ സംരംഭം പുറത്തിറക്കുന്നഡെബീയന്‍, കനോണിക്കല്‍ കമ്പനിയുടെ ഉബുണ്ടു, മറ്റു സംരംഭങ്ങളുടെ ഫെഡോറ, ലിനക്‌സ് മിന്റ് എന്നിവയെല്ലാം പ്രചാരമുള്ള ചില വിതരണങ്ങളാണ്. പതിവായ അപ്‌ഡേറ്റുകളാണ് മിക്ക പതിപ്പുകളുടെയും സവിശേഷത. ആറുമാസം കൂടുമ്പോഴാണ് ഉബുണ്ടു പുതുക്കുക. എപ്പോഴുമുള്ള സുരക്ഷാ അപ്‌ഡേറ്റുകള്‍ വേറെയും.

അടിസ്ഥാനഘടന ഒന്നായാലും ആരെ ലക്ഷ്യം വയ്ക്കുന്നു എന്നതിനനുസരിച്ച് പതിപ്പുകളുടെ സ്വഭാവം മാറും. ചില പതിപ്പുകള്‍ ഡെസ്‌ക്ടോപ് ഉപയോക്താക്കളെ മുന്നില്‍ക്കാണുമ്പോള്‍ മറ്റുചിലത് ഡെവലപ്പര്‍മാര്‍ക്കും മള്‍ട്ടിമീഡിയ നിര്‍മ്മാതാക്കള്‍ക്കുമുള്ളതാണ്. ഗ്‌നു/ലിനക്‌സിനോടൊപ്പം വിവിധ ഇന്റര്‍ഫേസുകള്‍ ചേര്‍ത്തുപയോഗിക്കാം. ഡെസ്‌ക്ടോപ്പിന്റെയും ജാലകങ്ങളുടെയുമെല്ലാം ഘടനയും സ്വഭാവവും തീരുമാനിക്കുന്നത് ഇന്റര്‍ഫേസുകളാണ്. ഒരേ ഇന്റര്‍ഫേസ് ഉപയോഗിക്കുന്ന രണ്ടു വിതരണങ്ങള്‍ തമ്മില്‍ കാഴ്ചയില്‍ സാമ്യമുണ്ടാവും. ഉപയോക്താവിന് എത്ര ഇന്റര്‍ഫേസും ഇന്‍സ്റ്റാള്‍ ചെയ്യാനാകും.

പ്ലാറ്റ്‌ഫോമുകളുടെ കാര്യത്തിലുമുണ്ട് ഈ വൈവിദ്ധ്യം. സെര്‍വര്‍, ഡെസ്‌ക്ടോപ്പ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്‌നു/ലിനക്‌സ് വിതരണങ്ങളില്‍ പലതും ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലെറ്റ്, സ്മാര്‍ട്ട് ടി.വി. എന്നിവയെക്കൂടി ലക്ഷ്യമാക്കുന്നു.

ചില 'ഡെസ്‌ക്ടോപ്പ് ഫ്രണ്ട്‌ലി' വിതരണങ്ങള്‍ പരിചയപ്പെടാം-

അവയെല്ലാം ലൈവ് സി.ഡി./യു.എസ്.ബി എന്ന ആശയം പിന്തുണയ്ക്കുന്നതുകൊണ്ട് ഇന്‍സ്റ്റളേഷനൊന്നും കൂടാതെതന്നെ പരീക്ഷിച്ചുനോക്കാനുമാവും. ഇതിനാവശ്യമായ ഡൗണ്‍ലോഡുകള്‍ അതാത് വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

ഉബുണ്ടു ( Ubuntu )
പൊതുജനത്തിന് ഏറ്റവും പരിചിതമായ ഗ്‌നു/ലിനക്‌സ് പതിപ്പ് ഉബുണ്ടു തന്നെ.കനോണിക്കല്‍ എന്ന കമ്പനിയാണ് ഇത് പുറത്തിറക്കുന്നത്. ഡെസ്‌ക്ടോപ്പ്, സെര്‍വര്‍, സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ്, ടെലിവിഷന്‍ എന്നീ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കും. ലളിതമായ യൂണിറ്റി ഇന്റര്‍ഫേസ് പുതിയ പതിപ്പുകള്‍ക്ക് ഒരു ആന്‍ഡ്രോയ്ഡ്ടച്ച് നല്‍കുന്നു. വിന്‍ഡോസ് ഉപയോക്താക്കള്‍ കണ്ടിട്ടില്ലാത്ത ലളിതമായ ഇന്‍സ്റ്റളേഷന്‍ പ്രക്രിയയാണ് ഉബുണ്ടുവിന്റെ മറ്റൊരു സവിശേഷത.

2011 ഓടെ ഉബുണ്ടുവിലെത്തിയ 'യൂണിറ്റി ഇന്റര്‍ഫേസാ'ണ് ശരിക്കുള്ള പുതുമ. വിന്‍ഡോസ് ഉപയോക്താക്കള്‍ക്കും മറ്റു ഗ്‌നു/ലിനക്‌സ് ഡിസ്‌ട്രോകള്‍ ശീലിച്ചവര്‍ക്കും 'യൂണിറ്റി' വ്യത്യസ്തമായ ഒരനുഭവമായി. ആദ്യം വഴങ്ങാന്‍ പാടുപെട്ട പലര്‍ക്കും ഇന്ന് യൂണിറ്റി പ്രിയപ്പെട്ടതാണ്.

ഓരോ ആറുമാസം കൂടുമ്പോഴും ഉബുണ്ടുവിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങും. ഇറങ്ങുന്ന വര്‍ഷവും മാസവും ചേര്‍ത്തതായിരിക്കും വേര്‍ഷന്‍ നമ്പര്‍ (ഉദാ: ഉബുണ്ടു 14.04-2014 ഏപ്രില്‍). ഇതില്‍ രണ്ടുവര്‍ഷം കൂടുമ്പോള്‍ പുറത്തിറങ്ങുന്ന പതിപ്പുകള്‍ എല്‍.ടി.എസ്. (ലോങ്‌ടേം സപ്പോര്‍ട്ട്) ആയിരിക്കും. 

അതിവിപുലമായ ഒരു പാക്കേജ് ശേഖരം (ആപ്പ് സെന്റര്‍/റെപ്പോസിറ്ററി) ഉബുണ്ടുവിനുണ്ട്. ഇതുവഴിയുള്ള സൗജന്യഅപ്‌ഡേറ്റുകള്‍ ദീര്‍ഘകാലം ലഭിക്കും എന്നതാണ് എല്‍.ടി.എസ്. കൊണ്ടുദ്ദേശിക്കുന്നത്.

15.04 ആണ് ഉബുണ്ടുവിന്റെ ഏറ്റവും പുതിയ പതിപ്പ്. അടുത്തത് ഒക്‌റ്റോബറില്‍ ഇറങ്ങേണ്ടതാണ് (15.10). ഏറ്റവും പുതിയ എല്‍.ടി.എസ്. പതിപ്പ് 14.04 ആണ്. ഏടുത്തത് 2016 ല്‍ ഇറങ്ങും (16.04). പരീക്ഷണങ്ങള്‍ക്കു നേരമില്ലാത്ത ഒരു സുസ്ഥിര കമ്പ്യൂട്ടിങ് ആണ് നിങ്ങളുടേതെങ്കില്‍ ഏറ്റവും പുതിയ എല്‍.ടി.എസ്. പതിപ്പുതന്നെ ഇന്‍സ്റ്റാള്‍ ചെയ്യുക.

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള എജ്യുബുണ്ടു ( Edubuntu ), യൂണിറ്റിക്ക് പകരം കെ.ഡി.ഇ. ഉപയോഗിക്കുന്ന കുബുണ്ടു ( Kubuntu ), പഴയ കമ്പ്യൂട്ടറുകളിലും സുഗമമായി പ്രവര്‍ത്തിക്കുന്നസുബുണ്ടു ( Xubuntu ) തുടങ്ങി ഉബുണ്ടുവിന്റെ തന്നെ വിവിധ പതിപ്പുകളുണ്ട്.

ഡെല്‍, അസ്യൂസ് തുടങ്ങി പല പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളും തങ്ങളുടെ ലാപ്‌ടോപ്പിനൊപ്പം ഉബുണ്ടു നല്‍കുന്നു. ഒന്നുകില്‍ വിന്‍ഡോസിന്റെ കൂടി ചെലവ് വഹിക്കുക, അല്ലെങ്കില്‍ വിന്‍ഡോസില്ലാത്ത ലാപ്‌ടോപ്പ് വാങ്ങി നിയമവിരുദ്ധമായ പകര്‍പ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക എന്ന അവസ്ഥയ്ക്ക് അങ്ങനെ മാറ്റം വന്നു.

മറ്റു ഗ്‌നു/ലിനക്‌സ് പതിപ്പുകള്‍ക്കുള്ളതിനേക്കാള്‍ 'പ്രൊഫഷണലിസം' ഉബുണ്ടുവിനുണ്ട് എന്നതിന്റെ തെളിവാണിത്. ഗെയിമിങ് രംഗത്തെ ഉബുണ്ടുവിന്റെ ഭാവി തെളിയിക്കുന്നതാണ് ഉബുണ്ടു സോഫ്റ്റ്‌വെയര്‍ സെന്ററില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഹൈടെക് ഗെയിമുകള്‍.

കേരളത്തിലെ ഐ.ടി.@സ്‌കൂള്‍ സംരംഭത്തിന്റെ ഭാഗമായി ആയിരക്കണക്കിന് വിദ്യാലയങ്ങളില്‍ ഉബുണ്ടു ഉപയോഗിക്കുന്നു. ലോകമെമ്പാടുമുള്ള അനേകം വിദ്യാലയങ്ങളും ഇതേ രീതി പിന്തുടരുന്നു. പ്രധാനപ്പെട്ട ചില ഉദാഹരണങ്ങള്‍ ഈ പേജില്‍ കാണാം. ഉബുണ്ടു പോലൊരു സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റത്തിന് വിദ്യാഭ്യാസരംഗത്തുള്ള പ്രാധാന്യവും ഈ പേജില്‍ അക്കമിട്ട് പറയുന്നുണ്ട്.

വെബ്‌സൈറ്റ്: ubuntu.com

ഫെഡോറ ( Fedora )

റെഡ് ഹാറ്റ് കമ്പനിയുടെ പിന്തുണയോടെ ഫെഡോറ പ്രൊജക്റ്റ് പുറത്തിറക്കുന്നതാണിത്. വര്‍ക്ക്‌സ്റ്റേഷന്‍ (ഡെസ്‌ക്ടോപ്പ്, സെര്‍വര്‍, ക്ലൗഡ്) എന്നിങ്ങനെ മൂന്നു തരത്തില്‍ ഇത് പുറത്തിറങ്ങുന്നു.

ലിനക്‌സ് കേര്‍ണലിന്റെ പിതാവായ ലിനസ് ടൊര്‍വാള്‍ഡ്‌സ് തന്റെ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നത് ഫെഡോറയാണ്.

ഉബുണ്ടുവിനെപ്പോലെ യൂസര്‍ഫ്രണ്ട്‌ലി ആണ് ഫെഡോറയും. ഉബുണ്ടു യൂണിറ്റി ഉപയോഗിക്കുമ്പോള്‍ 'ഗ്‌നോം 3' ആണ് ഫെഡോറയുടെ ഇന്റര്‍ഫേസ്. യൂണിറ്റിയെപ്പോലെ ഗ്‌നു/ലിനക്‌സ് ഡെസ്‌ക്ടോപ്പുകളില്‍ പുതുമ കൊണ്ടുവന്ന മറ്റൊരു ഇന്റര്‍ഫെയ്‌സാണ് ഗ്‌നോം 3. ഇതിന്റെ പഴയ പതിപ്പുകളും പലര്‍ക്കും പ്രിയപ്പെട്ടതായിരുന്നു.

2003 ല്‍ ആണ് ഇതിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങുന്നത്. 2015 മെയില്‍ പുറത്തിറങ്ങിയ 22 ആണ് ഏറ്റവും പുതിയ പതിപ്പ്. കണക്കുപ്രകാരം 2016 പകുതിയാവുമ്പോഴാണ് ഇതിന്റെ പിന്തുണ അവസാനിക്കുക. ഉബുണ്ടുവിനുള്ള ദീര്‍ഘകാല പിന്തുണ ഫെഡോറയുടെ വേര്‍ഷനുകള്‍ക്ക് കിട്ടിക്കാണാറില്ല.
വെബ്‌സൈറ്റ്: getfedora.org

ഡെബീയന്‍ ( Debian )

ആദ്യകാല ഗ്‌നു/ലിനക്‌സ് വിതരണങ്ങളിലൊന്നായ ഡെബീയന്‍ ഇന്നും സജീവമാണ്. കൂട്ടമായി സോഫ്റ്റ്‌വേര്‍ നിര്‍മ്മിക്കുക എന്ന ആശയത്തിന് പ്രചാരം കൊടുത്തതില്‍ ഡെബീയന് വലിയ പങ്കുണ്ട്. 1993 ല്‍ പുറത്തിറങ്ങിയ ഡെബീയനില്‍നിന്ന് ഒട്ടേറെ പുതിയ ഡിസ്‌ട്രോകള്‍ രൂപം കൊണ്ടു. ഉബുണ്ടുവിന്റെയും വേര് സത്യത്തില്‍ ഡെബീയനിലാണുള്ളത്.

ഗ്‌നോം 3 തന്നെയാണ് ഡെബീയന്റെയും ഡിഫോള്‍ട്ട് ഇന്റര്‍ഫേസ്. യൂസര്‍ഫ്രണ്ട്‌ലി ആണെന്നര്‍ത്ഥം. ഒട്ടേറെ ലോകഭാഷകളെയും ഇത് പിന്തുണയ്ക്കുന്നു. ഇന്റലിനും എ.എം.ഡി.യ്ക്കും പുറമെ പവര്‍ പി.സി. പോലുള്ള ആര്‍ക്കിടെക്ചറുകളുണ്ട്. മിക്ക ഗ്‌നു/ലിനക്‌സ് പതിപ്പുകളും ഇവയെ ലക്ഷ്യമാക്കുന്നുണ്ടെങ്കിലും കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് ഒരുപക്ഷേ ഡെബീയനായിരിക്കും.

2015 ഏപ്രിലില്‍ പുറത്തിറങ്ങിയ 8.0 ( Jessie ) ആണ് ഏറ്റവും പുതിയ പതിപ്പ്. ഇതിന്റെ പിന്തുണ എത്രകാലമെന്ന് ഇപ്പോഴറിയില്ല. 2011 ലിറങ്ങിയ 6.0 എന്ന പതിപ്പിന് 2016 വരെ പിന്തുണയുണ്ട്. 
വെബ്‌സൈറ്റ്: debian.org

ലിനക്‌സ് മിന്റ് ( Linux Mint )

ഉബുണ്ടു അടിസ്ഥാനമാക്കിയുള്ള ഒരു വിതരണമാണിത്. പറ്റാവുന്നത്ര മള്‍ട്ടിമീഡിയ ഫോര്‍മാറ്റുകള്‍ക്ക് പിന്തുണ നല്‍കുന്നതിലും ലളിതവും ശക്തവുമായ ഒരു യൂസര്‍ ഇന്റര്‍ഫെയ്‌സ് അവതരിപ്പിക്കുന്നതിലും ഈ ഡിസ്‌ട്രോ ശ്രദ്ധേയമാണ്.

ഉബുണ്ടുവിന്റെ റിലീസുകളെ പിന്തുടര്‍ന്ന് പ്രതിവര്‍ഷം രണ്ടു പതിപ്പുകള്‍ മിന്റിനുണ്ടാകാറുണ്ട്. 2014 ല്‍ പുറത്തിറങ്ങിയ 17.1 ആണ് ഏറ്റവും പുതിയ പതിപ്പ്. 17.x എന്ന ഈ ശ്രേണിക്ക് ഏപ്രില്‍ 2019 വരെ പിന്തുണയുണ്ടാകും.

മെയ്റ്റ് ( MATE ), സിനമന്‍ ( Cinnamon ) എന്നീ ഇന്റര്‍ഫേസുകളാണ് മിന്റിനോടൊപ്പം ഉപയോഗിച്ചുവരുന്നത്. രണ്ടും യൂസര്‍ഫ്രണ്ട്‌ലി ആണ്.

ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകള്‍ക്കു പുറമെയുള്ള ആര്‍ക്കിടെക്ചറുകള്‍ക്ക് ലിനക്‌സ് മിന്റ് പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് തോന്നുന്നില്ല. സാധാരണ കമ്പ്യൂട്ടറുകളുടെ 32, 64 ബിറ്റ് പ്രൊസസറുകള്‍ക്കാണ് നിലവില്‍ ഇത് പിന്തുണ നല്‍കുന്നത്. 
വെബ്‌സൈറ്റ്: linuxmint.com

ഓപ്പണ്‍ സൂസ ( openSUSE )

ഓപ്പണ്‍സൂസ പ്രൊജക്റ്റിനുകീഴില്‍ പുറത്തിറങ്ങുന്ന ഡിസ്‌ട്രോ ആണിത്. ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂസ ആണ് പ്രായോജകര്‍.

ഇന്‍സ്റ്റലേഷന്‍ സമയത്തുതന്നെ ഓപ്പണ്‍സൂസ വിവിധ ഇന്റര്‍ഫെയ്‌സുകള്‍ അവതരിപ്പിച്ച് സ്വതവേ വേണ്ടത് തെരഞ്ഞെടുക്കാന്‍ അവസരം തരുന്നു. ഡെവലപ്പര്‍മാര്‍ക്കുവേണ്ട ഒട്ടനേകം ടൂളുകളും സൂസയില്‍ ലഭ്യമാണ്.

2014 ലിറങ്ങിയ 13.2 ആണ് പുതിയ പതിപ്പ്. തൊട്ടുമുമ്പുള്ള 13.1 (2013) എവര്‍ഗ്രീന്‍ പതിപ്പാണ്. ദീര്‍ഘകാല പിന്തുണയുള്ള ഇത് 2016 വരെ സജീവമായിരിക്കും.

ഓപ്പണ്‍ സൂസയും സാധാരണ കമ്പ്യൂട്ടറുകളുടെ 32, 64 ബിറ്റ് പ്രൊസസറുകള്‍ക്കാണ് നിലവില്‍ പിന്തുണ കൊടുക്കുന്നത്. അതുകൊണ്ടുതന്നെ സൂസയും പൊതുവെ ഡെസ്‌ക്ടോപ്പ് രംഗത്തൊതുങ്ങുന്നു.
വെബ്‌സൈറ്റ്: opensuse.org/en/

ട്രൈസ്‌ക്വെല്‍ ഗ്‌നു/ലിനക്‌സ് ( Trisquel GNU/Linux )

പ്രചാരമുള്ള പല ഗ്‌നു/ലിനക്‌സ് പതിപ്പുകളും നാം കണ്ടു. ഇത്തരത്തില്‍ ഒട്ടനേകമുണ്ട്. ഇവയുടെ അടിസ്ഥാന ആശയം സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ( free/libre and open source software ) എന്നതാണ്. എന്നാല്‍ പലപ്പോഴും പ്രൊപ്രൈറ്ററി പാക്കേജുകളും ഇവയില്‍ ഉള്‍പ്പെടാറുണ്ട്. ഇതില്‍നിന്ന് വ്യത്യസ്തമായി ന്യൂസെന്‍സ് ( gNewSense) പോലുള്ള ചില വിതരണങ്ങള്‍ പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ എന്ന ആശയത്തില്‍ അടിയുറച്ചുനില്‍ക്കുന്നു. അക്കൂട്ടത്തില്‍ ശ്രദ്ധേയമാണ് ട്രൈസ്‌ക്വെല്‍.

2014 ല്‍ പുറത്തിറങ്ങിയ 7.0 എല്‍.ടി.എസ്. പതിപ്പാണ്. 2019 വരെ പിന്തുണയുണ്ട്. ഗ്‌നോം 3 ആണ് ഇന്റര്‍ഫേസെങ്കിലും അതിന്റെ ക്ലാസിക് മോഡിലാണ് പ്രവര്‍ത്തിക്കുക. വല്ലാതെ 'ന്യൂജെന്‍' ആവേണ്ടെന്നുള്ളവര്‍ക്ക് ഇതിഷ്ടമാകും.

ലിനക്‌സ്‌ലിബര്‍ ( Linux-libre ) കേര്‍ണലാണ് മറ്റൊരു പ്രത്യേകത. ലിനക്‌സ് കേര്‍ണലില്‍ സ്വതന്ത്രസോഫ്റ്റ്‌വേര്‍ അല്ലാത്ത പല ഘടകങ്ങളും കയറിപ്പറ്റാറുണ്ട്. ഹാര്‍ഡ്‌വേര്‍ ഘടകങ്ങള്‍ക്കുള്ള പിന്തുണയും മറ്റുമാവുമിത്. ഇവയെല്ലാം ഒഴിവാക്കി 'ശുദ്ധീകരിച്ചുണ്ടാക്കുന്നതാണ്' ലിനക്‌സ്‌ലിബര്‍.

ട്രൈസ്‌ക്വെലും അസാധാരണമായ ആര്‍ക്കിടെക്ചറുകളെ പിന്തുണയ്ക്കുന്നില്ല.
വെബ്‌സൈറ്റ്: trisquel.info

ലിബര്‍ ഓഫീസ് ( LibreOffice )

ഈ പട്ടികയില്‍നിന്ന് തെറിച്ചുനില്‍ക്കുന്ന ഇത് ഒരു ഡിസ്‌ട്രോയല്ല, മറിച്ച് ഓഫീസ് സ്യൂട്ടാണ്; മൈക്രോസോഫ്റ്റ് ഓഫീസ് പോലെ. മൈക്രോസോഫ്റ്റ് ഓഫീസിനെ വെല്ലാന്‍ കഴിവുള്ള ഇത് വിന്‍ഡോസിലും ഗ്‌നു/ലിനക്‌സിലുമെല്ലാം ഒരുപോലെ പ്രവര്‍ത്തിക്കും. ഓപ്പണ്‍ ഓഫീസിന്റെ പിന്‍ഗാമിയായ ഇത് പുതിയ ഡിസ്‌ട്രോകളിലെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പല സ്ഥാപനങ്ങളെയും വിന്‍ഡോസില്‍നിന്ന് ഗ്‌നു/ലിനക്‌സിലേക്ക് മാറാന്‍ ഇത് സഹായിക്കും.

മറ്റു പാക്കേജുകള്‍

ഫയര്‍ഫോക്‌സ്, ക്രോമിയം, വി.എല്‍.സി., ഫോട്ടോഷോപ്പിന് പകരമെത്തുന്ന ജിമ്പ്, ത്രീഡി സോഫ്റ്റ്‌വേറായ ബ്ലെന്‍ഡര്‍ എന്നിവയെല്ലാം നല്ല പ്രചാരമുള്ളവയാണ്. വിന്‍ഡോസിലും ഗ്‌നു/ലിനക്‌സിലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന ഇവ ഗ്‌നു/ലിനക്‌സ് പരിചയമില്ലാത്തവര്‍ക്കും പ്രിയപ്പെട്ടതാണ്. ഗ്‌നു/ലിനക്‌സിലേക്ക് ചേക്കേറുന്നവരെ കാത്ത് പരിചയമുള്ള ആപ്പുകള്‍ തന്നെയുണ്ട് എന്നര്‍ത്ഥം.

കടപ്പാട്: ഇ. നന്ദകുമാര്‍,  2015  ജൂണ്‍ 12 ന് മാതൃഭൂമി ടെക്നോളജിയില്‍ പ്രസിദ്ധീകരിച്ചത്. (goo.gl/wQ5LXg)
Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment