നെറ്റ് ന്യൂട്രാലിറ്റി എന്നാല്‍ എന്ത് ?


 "നെറ്റ് ന്യൂട്രാലിറ്റി എന്തൂട്ടാ? എനിക്ക് അത് എന്തിനാ?"

സംഗതി സിമ്പിൾ ആണ്. നമ്മൾ എല്ലാവരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. ഇന്റര്‍നെറ്റ് ഉപയോഗിച്ച് പല സര്‍ വീസുകളും നമ്മൾ ഉപയോഗിക്കുന്നുമുണ്ട്. അതിനു നമ്മൾ (മനസ്സില്ലാമനസ്സോടെയാണെങ്കിലും) ബില്ല് അടയ്ക്കുന്നുമുണ്ട്. കൊടുത്ത പൈസയ്ക് നമുക്ക് ഇഷ്ടമുള്ള വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്നു, വായിക്കുന്നു, ഡൌണ്‍ലോഡ് ചെയ്യുന്നു, ഷെയർ, ലൈക്, പോക്ക്, കൂക്ക് എല്ലാം ചെയ്യുന്നു. ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങൾ എല്ലാം സമാനമായ പ്രാധാന്യമുള്ളതാണ്- അത് എന്തുമായിക്കൊള്ളട്ടെ, നമ്മൾ ഏതെങ്കിലും വെബ്‌സൈററ് സന്ദര്ശിക്കണമെന്ന് ആഗ്രഹിച്ചാൽ അത് ഒരു കത്രികയ്ക്കും ഇരയാകാതെ നമ്മുടെ മുന്പിലെത്തുന്നതിനെയാണ് നെറ്റ് ന്യൂട്ട്രാലിറ്റി എന്ന് പറയുന്നത്.

നമ്മുടെ രാജ്യത്തെ ടെലിക്കോം ഓപ്പറേറ്റർമാര് എല്ലാം കൂടി ഇവിടത്തെ ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക് (TRAI) ഒരു വാറോല കൊടുത്തിരിക്കുന്നു. മേലപ്പടി സംഭവം അനുസരിച്ച് ടെലിക്കോം കംപനിക്കാരുടെ ഇഷ്ടക്കാരായ (അഥവാ അവര്ക്ക് കൂടുതൽ നേര്ച്ചയിടുന്ന) വെബ്‌സൈറ്റുകൾ പെട്ടെന്ന് നമ്മുടെ കമ്പ്യൂട്ടറുകളിൽ ലോഡ് ആവുന്നു. മറ്റു കമ്പനിക്കാർ മൂ... അല്ലെങ്കിൽ അത് വേണ്ട... മൂക്ക് പിഴിഞ്ഞ് നില്ക്കേണ്ടി വരുന്നു. അതും പോരാതെ പല വെബ്‌ സൈറ്റുകളെ പല വിഭാഗങ്ങളായി തിരിച്ചു അവ ഉപയോഗിക്കാൻ വേറെ വേറെ നിരക്കുകൾ ഈടാക്കാനും പ്ലാനുണ്ട്.TRAI വെബ്‌സൈറ്റിൽ സംഗതിയുടെ നൂറു പേജ് നീണ്ട വിവരണം കിടപ്പുണ്ട്. സംഭവം അവിടെ ഇട്ടിരിക്കുന്നത് മാര്ച് 25-ന്. ഇതിനെതിരെ ആര്ക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അത് സ്വീകരിക്കാനുള്ള അവസാന തീയതി ഏപ്രിൽ 24!

"അതിനിപ്പോ എന്താ പ്രശ്നം?
50 രൂപയ്ക്ക് താലി മീല്‍സ് ലഭിക്കുന്ന നാട്ടില്‍ 10 രൂപയ്ക്ക് ഊണ് എന്ന ബോര്‍ഡ് കണ്ട് നിങ്ങള്‍ ഒരു ഹോട്ടലില്‍ കയറുന്നു. അര മണിക്കൂര്‍ കാത്തിരുന്നിട്ടും ഊണ് കിട്ടാതെ നിങ്ങള്‍ ചൂടാവുമ്പോള്‍ പെട്ടെന്നു കിട്ടണമെങ്കില്‍ 20 രൂപയുടെ കൂപ്പണ്‍ എടുക്കണമെന്നു ഹോട്ടലുകാരന്‍ പറയുന്നു.

ഒടുവില്‍, സപ്ലയര്‍ പാത്രത്തില്‍ ചോറു മാത്രം നല്‍കുമ്പോള്‍ നിങ്ങള്‍ കറികള്‍ ചോദിക്കുന്നു. 10 രൂപയ്ക്ക് ചോറു മാത്രമേ കിട്ടൂ എന്നും കറികള്‍ ഓരോന്നിനും വേറെ 10 രൂപ വീതം നല്‍കണമെന്നും ഹോട്ടലുകാരന്‍ പറയുമ്പോള്‍ നിങ്ങള്‍ പണി കിട്ടിയത് മനസ്സിലാക്കുന്നു. 10 രൂപ കൊടുത്ത് കറി വാങ്ങിയെന്നിരിക്കട്ടെ, കുറച്ചു കൂടി കറി ചോദിക്കുമ്പോള്‍ വീണ്ടും അഞ്ചു രൂപ കൂടി നല്‍കണമെന്നു ഹോട്ടലുകാരന്‍ പറയുമ്പോള്‍ അത് എട്ടിന്റെ പണിയാണെന്നു നിങ്ങള്‍ തിരിച്ചറിയുന്നു. ഒടുവില്‍ ഇഷ്ടപ്പെട്ട കറികള്‍ കൂട്ടി ഊണു കഴിച്ചിറങ്ങുമ്പോള്‍ 10 രൂപയുടെ ഊണ് എന്ന ബോര്‍ഡു കണ്ടു കടയില്‍ കയറിയ നിങ്ങളുടെ പോക്കറ്റില്‍ നിന്നും 250 രൂപയെങ്കിലും പോയിട്ടുണ്ടാവും. ഇവിടെ നിങ്ങള്‍ക്കു രണ്ടു വഴികളേ ഉള്ളൂ. ഒന്ന്, വെറും 10 രൂപ മുടക്കി ചോറു മാത്രം കഴിച്ചു ശീലിക്കുക. രണ്ട്, 250 രൂപ ചെലവിട്ട് ഇഷ്ടമുള്ള കറികള്‍ കൂട്ടി ഊണു കഴിക്കുക.

നെറ്റ് ന്യൂട്രാലിറ്റി എന്നാല്‍, 50 രൂപയ്ക്ക് ലഭിക്കുന്ന താലി മീല്‍സ് ആണ്. എയര്‍ടെല്‍ സീറോ 10 രൂപയുടെ ഊണും. (കടപ്പാട് : ബര്‍ലി തോമസ്)

"പണിയായോ?!!! ഇനി എന്ത് ചെയ്യും?"

ഇനി ചെയ്യാൻ ഒരു പണിയേ ഉള്ളൂ. ടെലിക്കോം കമ്പനിക്കാരുടെ ഈ നീക്കത്തിനെതിരെ TRAI സമക്ഷം പരാതി അറിയിക്കുക, ഇന്റർനെറ്റ് ഉപയോഗിക്കുന്ന നിങ്ങളുടെ പരിചയക്കാരെ ഈ കെണിയെക്കുറിച്ച് അറിയിക്കുക. പരാതി അറിയിക്കാൻ ഈ ലിങ്കിൽ പോകുക.
http://www.savetheinternet.in/  സമയമില്ല ചങ്ങായി...

കടപ്പാട് വാട്സ്ആപ്പ്, ഫെയിസ്ബുക്ക്, ഇന്റര്‍നെറ്റ്...

Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment