വിന്‍ഡോസ് 10 ന്‍റെ ഏഴു പതിപ്പുകള്‍


ഈ വര്‍ഷം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന വിന്‍ഡോസ് 10 ന് ഏഴ് എഡിഷനുകളുണ്ടാകും. മൈക്രോസോഫ്റ്റിന്‍റെ ഔദ്യോഗിക ബ്ലോഗായ blogs.windows.com ല്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. 

ഇവയാണ് വിന്‍ഡോസ് 10 ന്‍റെ പതിപ്പുകള്‍

Windows 10 Home

ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പുകള്‍, ടാബ്‌ലറ്റുകള്‍, ഹൈബ്രിഡ് ഡിവൈസുകള്‍ എന്നിവയ്ക്ക് വേണ്ടി നിര്‍മിച്ച എഡിഷനാണിത്. 

പേഴ്‌സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റായ കോര്‍ട്ടാനയുടെ സേവനം, മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ എഡ്ജ് ബ്രൗസര്‍, വിന്‍ഡോസ് ഹലോ ഫേസ് റെക്കഗ്‌നിഷന്‍, ഉപഭോക്താവിന്റെ കണ്ണിലെ കൃഷ്ണമണിയും വിരലടയാളവും തിരിച്ചറിഞ്ഞുള്ള ബയോമെട്രിക് ലോഗിന്‍ സംവിധാനം, വിന്‍ഡോസ് ആപ്ലിക്കേഷനുകളായ ഫോട്ടോസ്, മാപ്‌സ്, മെയില്‍, കലണ്ടര്‍, മ്യൂസിക്, വീഡിയോ എന്നിവയെല്ലാം വിന്‍ഡോസ് 10 ഹോമിലുണ്ടാകും. 

Windows 10 Mobile‍

സ്മാര്‍ട്‌ഫോണുകള്‍ക്കും ചെറിയ സ്‌ക്രീനുള്ള ടാബ്‌ലറ്റുകള്‍ക്കുമായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണീ എഡിഷന്‍. വിന്‍ഡോസ് 10 ഹോമിലുള്ള സംവിധാനങ്ങളെല്ലാം ഇതിലുണ്ട്. ഒപ്പം ടച്ച് സംവിധാനത്തില്‍ അധിഷ്ഠിതമായ ഓഫീസ് വെര്‍ഷനും. 
വലിയ സ്‌ക്രീനിലേക്ക് കണക്ട് ചെയ്താല്‍ സ്മാര്‍ട്‌ഫോണ്‍ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ പോലെ പ്രവര്‍ത്തിപ്പിക്കാനും വിന്‍ഡോസ് 10 മൊബൈല്‍ എഡിഷന് സാധിക്കും.

Windows 10 Pro

വിന്‍ഡോസ് 10 ഹോമിന്റെ പ്രൊഫഷണല്‍ വേര്‍ഷനാണിത്. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലും ടാബ്‌ലറ്റുകളിലും ഹൈബ്രിഡ് ഡിവൈസുകളിലും ഉപയോഗിക്കാം. 
ചെറുകിട ബിസിനസുകാരെ ലക്ഷ്യംവച്ചുള്ളതാണിത്. ക്ലൗഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ബിസിനസ് വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനും ഇതില്‍ സൗകര്യമുണ്ട്. 
വിന്‍ഡോസ് ബിസിനസ് വെര്‍ഷന്റെ അപ്‌ഡേറ്റുകള്‍ ആദ്യം ലഭിക്കുക ഈ എഡിഷനിലായിരിക്കും.
നിലവില്‍ വിന്‍ഡോസ് 7, വിന്‍ഡോസ് 8.1, വിന്‍ഡോസ് ഫോണ്‍ 8.1 വെര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വിന്‍ഡോസ് 10 ഹോം, വിന്‍ഡോസ് 10 മൊബൈല്‍, വിന്‍ഡോസ് 10 പ്രോ എഡിഷനുകളിലേക്ക് സൗജന്യമായി അപ്ഗ്രഡേഷന്‍ അനുവദിക്കുമെന്ന് വിന്‍ഡോസ് ബ്ലോഗില്‍ വ്യക്തമാക്കുന്നുണ്ട്.

Windows 10 Enterprise

ഇടത്തരം, വന്‍കിട സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള എഡിഷനാണ് വിന്‍ഡോസ് 10 എന്റര്‍പ്രൈസ്. 

കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍, ജീവനക്കാരുടെ ലോഗിന്‍, നെറ്റ്‌വര്‍ക്ക് ശൃംഖലയിലേക്ക് കണക്ട് ചെയ്യപ്പെടുന്ന ഉപകരണങ്ങളുടെ സുരക്ഷാപ്രശ്‌നങ്ങള്‍ എന്നിവയെല്ലാം കൈകാര്യം ചെയ്യാന്‍ എന്റര്‍പ്രൈസിനാകും. 
നിലവില്‍ വിന്‍ഡോസിന്റെ വോള്യം ലൈസന്‍സിങ് സേവനം ആസ്വദിക്കുന്ന കമ്പനികള്‍ക്കെല്ലാം വിന്‍ഡോസ് 10 എന്റര്‍പ്രൈസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്

Windows 10 Education‍

വിദ്യാലയങ്ങള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ വിന്‍ഡോസ് എഡിഷനാണിത്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം ഒരേസമയം ലോഗിന്‍ ചെയ്ത് അവരുടെ ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ വിന്‍ഡോസ് 10 അവസരമൊരുക്കുന്നു. അക്കാദമിക് വോള്യം ലൈസന്‍സിങ് പകാരമാണ് ഈ എഡിഷന്‍ ലഭ്യമാകുക. 

Windows 10 Mobile Enterprise

മൊബൈലില്‍ ബിസിനസ് നടത്തുന്നവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് വിന്‍ഡോസ് 10 മൊബൈല്‍ എന്‍റര്‍പ്രൈസ് തയ്യാറാക്കിയിരിക്കുന്നത്. മികച്ച പ്രവര്‍ത്തനക്ഷമത, സുരക്ഷിതത്വം എന്നിവയാണ് മൊബൈല്‍ എന്‍റര്‍പ്രൈസിന്‍റെ സവിശേഷതകള്‍.

Windows 10 IoT Core‍

എ.ടി.എം., റീട്ടെയില്‍ പോയിന്റ് ഓഫ് സെയില്‍, ഹാന്‍ഡ്‌ഹെല്‍ഡ് ടെര്‍മിനല്‍, ആസ്പത്രികളിലെ ഹാര്‍ട്ട്‌റേറ്റ് മോണിറ്റര്‍ എന്നിവയിലൊക്കെ ഈ എഡിഷന്‍ ഉപയോഗിക്കാം. 

Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment