ഒരു മരുന്ന് അതിലടങ്ങിയ പ്രവര്‍ത്തനശേഷികാണിക്കുന്ന മുഖ്യകണികയുടെ പേരില്‍ അറിയപ്പെടുമ്പോഴാണ് അതിനെ ജനറിക് മരുന്ന് എന്ന് വിളിക്കുക. ഉദാഹരണം സര്‍വ്വ സാധാരണയായി ഉപയോഗിക്കുന്ന ക്രോസിന്‍ (Crocin) എന്ന ബ്രാന്റില്‍ അറിയുന്ന മരുന്നിന്‍റെ ജനറിക് നാമം എന്നത് അതിലടങ്ങിയ കണികയുടെ പേരാണ് - അസീറ്റമിനോഫെന്‍ (Acetaminophen). ഇതിനെത്തന്നെയാണ് ബ്രിട്ടീഷ് രീതിയില്‍ പാരസെറ്റമോള്‍ (Paracetamol) എന്ന് വിളിക്കുന്നതും (അസീറ്റമിനോഫെന്‍ എന്നത് അമേരിക്കന്‍ ചിട്ടയില്‍ വിളിക്കുന്ന ജനറിക് പേരാണ്). മറ്റൊരുദാഹരണം ആസ്പിരിന്‍ (Aspirin). ഇതിന്‍റെ ജനറിക് നാമം അസെറ്റില്‍ സാലിസിലിക് ആസിഡ് (Acetyl Salicilic Acid അഥവാ ASA) എന്നാണ്. ആസ്പിരിന്‍ എന്നത് ബേയര്‍ എന്ന ജര്‍മ്മന്‍ കമ്പനി ഇറക്കുന്ന ഏ.എസ്.ഏയുടെ ബ്രാന്‍റ് നാമമാണെങ്കിലും ഉപയോഗം കൊണ്ട് നാം ഇപ്പോള്‍ ആസ്പിരിനെന്ന പേരുതന്നെ ജനറിക് നാമമായി പ്രയോഗിക്കാറുണ്ട്.
മരുന്നുകള്‍ എന്താണെന്നും അവയുടെ ബ്രാന്‍റ് നാമം മാത്രമല്ല, മരുന്നിന്‍റെ ഉള്ളടക്കം എന്താണെന്നും (generic name) ഡോസ് എത്രയാണെന്നും എത്ര മണിക്കൂര്‍ ഇടവിട്ട് കഴിക്കണമെന്നും കൃത്യമായി പ്രിന്‍റ് ചെയ്തോ, കുറഞ്ഞപക്ഷം എഴുതിയെങ്കിലുമോ കൊടുക്കണമെന്നാണ് ലോകത്തെവിടെയുമുള്ള നിയമം. ഇന്ത്യയിലും നിയമങ്ങള്‍ വ്യത്യസ്തമല്ല. ഇന്ത്യന്‍ മെഡിക്കല്‍ കൗന്‍സിലിന്‍റെ നിര്‍ദ്ദേശമനുസരിച്ച് ഡോക്ടര്‍മാര്‍ ബ്രാന്‍റ് നാമം എഴുതാന്‍ പാടില്ല. മരുന്നിന്‍റെ content സൂചിപ്പിക്കുന്ന ജനറിക് നാമമേ എഴുതാന്‍ പാടുള്ളൂ (നമ്മുടെ പഠനാശുപത്രികളായ മെഡിക്കല്‍ കോളെജുകളില്പോലും ഇത് നടക്കുന്നില്ല). ഇനി ബ്രാന്‍റ് എഴുതിയേ തീരൂവെങ്കില്‍ അതോടൊപ്പം മരുന്നിന്‍റെ ഉള്ളടക്കം എന്താണെന്ന് എഴുതണം.
മുന്നൂറ് മരുന്നും എണ്‍പതിനായിരം ബ്രാന്റുകളും !!
ലോകരാജ്യങ്ങളെ പൊതുവില്‍ ബാധിക്കുന്ന രോഗ/രോഗാവസ്ഥകളില്‍ ചികിത്സയ്ക്ക് ഉപകരിക്കുന്ന അവശ്യമരുന്നുകളുടെ ഒരു വര്‍ഗ്ഗീകരിച്ച പട്ടിക ലോകാരോഗ്യസംഘടന 1970കളുടെ ഒടുക്കം മുതലിങ്ങോട്ട് രണ്ട് വര്‍ഷം കൂടുമ്പോള്‍ പുതുക്കി ഇറക്കാറുണ്ട്. പ്രതിരോധകുത്തിവയ്പ്പുകളും സിരകളിലൂടെ കുത്തിവയ്ക്കാവുന്ന ഗ്ലൂക്കോസ്, ഉപ്പുവെള്ളം ആദിയായ ഡ്രിപ്പ് മരുന്നുകളും, മുറിവും മറ്റും അണുവിമുക്തമാക്കാനുപയോഗിക്കുന്നവയും അടക്കം ഏതാണ്ട് 350-ഓളം മരുന്നുകളേ ഈ ലിസ്റ്റിലുള്ളൂ. ഇതുകൊണ്ട് 90% ത്തോളം രോഗ/രോഗാവസ്ഥകളെയും ചികിത്സിക്കാം. പിന്നെയും ബാക്കിയാവുന്നത് ചില ഹൈടെക് മരുന്നുകളാണ് - ഹൃദ്രോഗത്തില്‍ സ്റ്റെന്‍റ് ഇടുന്നതിനു മുന്നോടിയായി ഉപയോഗിക്കുന്ന എപ്റ്റിഫബറ്റൈഡ്(Eptifibatide), രക്തക്കൊഴുപ്പു കുറയ്ക്കാനുപയോഗിക്കുന്ന സ്റ്റാറ്റിനു(Statins)കളൊഴിച്ചുള്ള മരുന്നുകള്‍ , ഇമ്മ്യൂണോമോഡുലേറ്റര്‍ വിഭാഗത്തിലെ ചിലവ എന്നിങ്ങനെ. ഈ ‘ഹൈടെക്’ മരുന്നുകളെ മാറ്റി നിര്‍ത്തിയാല്‍ ലോകാരോഗ്യസംഘടനയുടെ ഈ മാതൃകാലിസ്റ്റില്‍ വരുന്ന മുന്നൂറ്റിചില്വാനം മരുന്നുകള്‍ കൊണ്ട് ഒരു ശരാശരി ജനതയുടെ - വിശേഷിച്ച് ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന്‍റെ മഹാഭൂരിപക്ഷം ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം. എന്നാല്‍ ഈ ജനറിക് മരുന്നുകള്‍ക്കെല്ലാം കൂടി ഇന്ത്യാമഹാരാജ്യത്ത് ലഭ്യമായ ബ്രാന്റുകളോ? ഏകദേശം 80,000 !!
ഒരു ഉദാഹരണത്തിന് അമിത ബി.പിക്കുള്ള Amlodipine എന്ന മരുന്നിന് മാത്രം ഇന്‍ഡ്യയില്‍ 140നടുത്ത് ബ്രാന്റുകളുണ്ട്! വയറ്റിലെ അസിഡിറ്റി മൂലം പുളിച്ചുതികട്ടലും നെഞ്ചെരിച്ചിലും ഉണ്ടാകുന്ന അവസ്ഥയ്ക്ക് കൊടുക്കാറുള്ള Pantoprazole, Domperidone എന്നീ മരുന്നുകളുടെ ഒരു കോമ്പിനേഷനുണ്ട്. ഈ കോമ്പിനേയ്ഷനു മാത്രം ഇന്ത്യയില്‍ 200ല്‍ കൂടുതല്‍ ബ്രാന്റുകളുണ്ട്; അപ്പോള്‍ ഈ മരുന്നുകള്‍ക്ക് വെവ്വേറെയുള്ള ബ്രാന്റുകളെപ്പറ്റി പറയണ്ടല്ലോ.
ഇന്നേവരെ ഒറ്റ ഇന്ത്യന്‍ മരുന്ന് കമ്പനിയും തുടക്കം മുതല്‍ ഒടുക്കം വരെ പരിപൂര്‍ണാര്‍ത്ഥത്തില്‍ ഒരു മരുന്ന് ഇന്ത്യയില്‍ വികസിപ്പിച്ചെടുത്തിട്ടില്ല! പിന്നെങ്ങനെയാണ് ഒരു മരുന്നിന് 100 ബ്രാന്‍റ് എന്ന ഈ കണ്ണുതള്ളുന്ന കണക്ക് വരുന്നത്? ഇന്ത്യന്‍ പേറ്റന്‍റ് രീതിയില്‍ ഒരു മരുന്നു ഉല്‍പ്പാദിപ്പിക്കാനുള്ള രാസപ്രക്രിയക്കാണ് പേറ്റന്‍റ് നല്‍കുക. അതായത് ഒരേ മരുന്നു (മരുന്നു കണിക) വ്യത്യസ്ഥമായ രണ്ടു രീതിയില്‍ വ്യാവസായികമായി നിര്‍മ്മിക്കാനായാല്‍, രണ്ടു രീതിക്കും പേറ്റന്‍റ് ലഭിക്കും. രണ്ട് ഉല്‍പ്പാദനരീതികളും തമ്മില്‍ വളരെ ചെറിയ ഒരു വ്യത്യാസമുണ്ടായിരുന്നാല്‍ മതി എന്നതിനാല്‍ അപേക്ഷിക്കുന്ന എല്ലാ കമ്പനികള്‍ക്കും യഥേഷ്ടം പേറ്റന്റുകള്‍ ലഭിക്കുമെന്ന അവസ്ഥയുണ്ട് ഇന്ത്യയില്‍. അങ്ങനെയാണ് ഒരേ മരുന്നിന് നൂറുകണക്കിന് ബ്രാന്റുകള്‍ ഉണ്ടാവുന്നത്. ഫലത്തില്‍ എല്ലാ ബ്രാന്റിലും ഉള്ളത് ഒരേ സാധനം തന്നെയാണ്. ഒരു തരം ഫോട്ടോസ്റ്റാറ്റ് കോപ്പിയടിക്കല്‍ പ്രക്രിയയാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത് എന്നത് അങ്ങാടിപ്പാട്ടായ അരമന രഹസ്യം.
ഇതിന്‍റെ കുഴപ്പം എന്താണെന്ന് വച്ചാല്‍ ഒന്ന്, വിദേശകമ്പനികളിറക്കുന്ന മരുന്നുകളുടെ ‘ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍’ മാത്രം അടിച്ചുമാറ്റി, സ്വന്തമായ യാതോരു ഗവേഷണമോ നിലവാരമുള്ള പരീക്ഷണങ്ങളോ നടത്താതെ, വില്‍ക്കുന്ന ദേശിക്കമ്പനികള്‍ക്ക് മരുന്നിന്‍റെ ഗുണനിലവാരത്തിലോ മാര്‍ക്കറ്റില്‍ ലഭ്യമായ മറ്റു മരുന്നുകളെ അപേക്ഷിച്ച് തങ്ങളുടെ ബ്രാന്റിനുള്ള മേന്മയിലോ യാതൊരു ഉത്തരവാദിത്തവുമില്ല എന്നതാണ്. ഒറീസയിലോ കര്‍ണാടകയിലോ തമിഴ്നാട്ടിലോ ഉള്ള ഏതെങ്കിലും പ്ലാന്റുകളില്‍ പടച്ചുണ്ടാക്കുന്ന ഗുളികകളെ എഡിബിള്‍ ഡൈ ചേര്‍ത്ത് പല നിറത്തിലാക്കി ഫോയിലുകളിലും ബ്ലിസ്റ്റര്‍ പാക്കുകളിലും പൊതിഞ്ഞ് പല പേരിട്ട് വില്‍ക്കുക എന്നതുമാത്രമാണ് അവരുടെ ഉദ്ദേശ്യം. മാര്‍ക്കറ്റ് ഷെയറിനായുള്ള പരവേശത്തില്‍ മെഡിക്കല്‍ റെപ്പുമാരെ കൊണ്ട് ഡോക്ടര്‍മാരെ ചാക്കിട്ടും ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത അവകാശവാദങ്ങള്‍ വാരിവിതറിയും നടത്തുന്ന ചീഞ്ഞ കളികള്‍ക്കപ്പുറം എക്സ്-കമ്പനിയും വൈ-കമ്പനിയും ഇറക്കുന്ന ഒരേ മരുന്നിന്‍റെ രണ്ട് ബ്രാന്റുകള്‍ തമ്മില്‍ എന്താണ് മൌലികവ്യത്യാസം എന്ന ചോദ്യത്തിന് പ്രസക്തിയേ ഇല്ലാതാകുന്നു. രണ്ടാമത്തെ കുഴപ്പം, വില കുറച്ചുകൊണ്ട് മാര്‍ക്കറ്റ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളില്‍ തറപ്പരിപാടികള്‍ കാണിക്കാന്‍ കമ്പനികള്‍ പ്രേരിതരാകുന്നു എന്നതാണ്. സര്‍ക്കാര്‍ ഏജന്‍സികള്‍ വലിയ അളവുകളില്‍ വാങ്ങി സ്റ്റോക്ക് ചെയ്യുന്ന ആന്റിബയോട്ടിക് വിഭാഗത്തിലെയും മറ്റും മരുന്നുകളുടെ പല ബാച്ചുകളിലും രാസപരിശോധന നടത്തുമ്പോള്‍ അതില്‍ നിഷ്കര്‍ഷിച്ചിരിക്കുന്നതിന്‍റെ പകുതിയോളം മരുന്നളവേ കാണാറുള്ളൂ എന്ന് പലവട്ടം തെളിഞ്ഞിട്ടുണ്ട്.
ഈ രംഗത്തെ ചൂഴുന്ന പ്രശ്നങ്ങള്‍ ഇങ്ങനെ അനവധിയാണ്. പരിഹാരം പല തലത്തില്‍ ഉണ്ടാവേണ്ടതും. അതിലേക്കൊന്നും ഇപ്പോള്‍ കടക്കുന്നില്ല. അധികൃതരോ കോടതിയോ വൈദ്യസംഘടനകളോ ഒക്കെ എന്തെങ്കിലും നടപടിയെടുത്തു വരുമ്പോഴേക്കും ലോകാവസാനമായെന്നിരിക്കും. അതുകൊണ്ട് നാം പൊതുജനം സൂക്ഷിക്കാനുള്ളത് സൂക്ഷിക്കുക.
നമ്മള്‍ക്ക് ചെയ്യാന്‍ പറ്റുന്നത്....
വണ്‍ എംജി എന്ന വെബ് സൈറ്റില്‍ നിങ്ങളുടെ മരുന്നിന്‍റ പേരുകൊടുത്താല്‍ നിങ്ങളുപയോഗിക്കാന്‍ പോകുന്ന മരുന്നിന്‍റെ (ബ്രാന്‍ഡിന്‍റെ) വില എത്ര ? അതിന്റെ ഉപയോഗം എന്ത് ? ആ ബ്രാന്‍ഡി പകരമായ് ഉപയോഗിക്കാന്‍ പറ്റുന്ന മറ്റു ബ്രാന്‍ഡുകള്‍ ഏതെല്ലാം, അവയുടെ വില എത്ര? എന്നെല്ലാം നമുക്ക് അറിയാന്‍ കഴിയും.
വണ്‍ എംജി എങ്ങനെ ഉപയോഗിക്കാം എന്ന് മുമ്പ് ഈ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.
കടപ്പാട്:
മെഡിസിന്‍@ബൂലോകം medicineatboolokam.blogspot.in/2010/01/blog-post.html
http://www.letshelpindia.com/blogs/18
http://janaushadhi.gov.in/
Thank you for sharing information it is very helpful
ReplyDeleteMODALERT 200 MG Tablet