TCP/IP മാതൃക ഉപയോഗപ്പെടുത്തുന്ന ഒരു നെറ്റ്-വര്‍ക്കിൽ ഡാറ്റാ കൈമാറ്റം ചെയ്യുന്നതിനു വേണ്ടി ഉപയോഗിക്കപ്പെടുന്ന ഒരു പ്രോട്ടോക്കോൾ ആണ് ഇന്‍റർ നെറ്റ്പ്രോട്ടോക്കോൾ അഥവാ ഐ.പി.
ഇന്‍റർനെറ്റ് പ്രോട്ടോക്കോൾ സ്യൂട്ടിലെ ഇന്‍റർനെറ്റ് പാളിയിലെ (Internet Layer) പ്രാഥമിക പ്രോട്ടോക്കോൾ ആണ് ഐ.പി. സ്രോതസ്സിൽ നിന്നും ലക്ഷ്യത്തിലേക്ക് അവയുടെ വിലാസങ്ങളനുസരിച്ച് വ്യത്യസ്ത "പ്രോട്ടോക്കോൾ ഡാറ്റാഗ്രാ"മുകൾ അഥവാ പാക്കറ്റുകളെ എത്തിക്കുക എന്നതാണ് ഇതിന്‍റെ ധർമ്മം. ഇതിനു വേണ്ടി വിലാസങ്ങൾ നൽകുന്ന രീതികളെയും, ഡാറ്റാഗ്രാമിന്‍റെ ഘടനയും ഇന്‍റർനെറ്റ് പ്രോട്ടോക്കോൾ നിർവ്വചിക്കുന്നു. വിലാസങ്ങൾക്ക് രണ്ട് രീതിയിലുള്ള ഘടനകൾ ഇപ്പോൾ നിലവിലുണ്ട് ഇന്‍റെർനെറ്റ് പ്രോട്ടോക്കോൾ പതിപ്പ് 4 (IPv4) ഉം ഇന്‍റെർനെറ്റ് പ്രോട്ടോക്കോൾ പതിപ്പ് 6 (IPv6) ഉം.
TCP/IP മാതൃക
വാർത്താവിനിമയ-കമ്പ്യൂട്ടർ ശൃംഖലകളിലെ പ്രോട്ടോക്കോളുകൾ വികസിപ്പിക്കാനായി ഐ.ഇ.ടി.എഫ് (ഇന്‍റർനെറ്റ് എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്‌സ്) വികസിപ്പിച്ചെടുത്ത ഒരു മാതൃകയാണ് TCP/IP യുടെ 5 Layer മാതൃക (The TCP/IP model). അത് ഇന്‍റർനെറ്റ് റഫറൻസ് മോഡൽ എന്നും ഡി-ഓ-ഡി (ഡിപ്പാർട്ട്മെന്‍റ് ഓഫ് ഡിഫൻസ്) മോഡൽ എന്നും അറിയപ്പെടുന്നു. ഇതിന്റെ യഥാർത്ഥ രൂപം 1970കളിൽ അമേരിക്കൻ ഐക്യനാടുകളിലെ പ്രതിരോധ വകുപ്പിന്‍റെ കീഴിലുള്ള ഡിഫൻസ് അഡ്വാൻസ്‌ഡ് റിസേർച്ച് പ്രോജക്റ്റ്സ് ഏജൻസി അഥവാ, ഡാർപ (DARPA) ആണ് വികസിപ്പിച്ചത്.വേൾഡ് വൈഡ് വെബിന്‍റെ മുൻഗാമിയായ അർപാനെറ്റിന്‍റെ അടിസ്ഥാനം ഈ പ്രോട്ടോക്കോൾ ആയിരുന്നു. ഒരു കമ്പ്യൂട്ടർ ശൃംഖലയിലെ രണ്ടു കമ്പ്യൂട്ടറുകൾ തമ്മിലുള്ള വിവരകൈമാറ്റത്തിനുള്ള നിയമാവലിയാണിത്.
TCP/IP യും ഇന്‍റർനെറ്റും
TCP/IP യും OSI മോഡലും
എന്താണ് ഐ. പി. അഡ്രസ്സ്?
ഒരു കമ്പ്യൂട്ടറില് നിന്ന് മറ്റൊന്നിലേക്ക് ഡാറ്റ കൈമാറുന്നതിലൂടയാണല്ലോ ഇന്‍റര്‍നെറ്റ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഏതു കമ്പ്യൂട്ടറില്‍ നിന്നാണ് ഡാറ്റ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റൂട്ടറുകള് തിരിച്ചറിയുന്നത് ആ കമ്പ്യൂട്ടറിന്‍റെ ഐ.പി. അഡ്രസ് തിരിച്ചറിഞ്ഞുകൊണ്ടാണ്. ഇന്‍റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന ഓരോ ഗാഡ്ജറ്റിനും നല്‍കുല്‍കുന്ന പ്രത്യേകമായ നമ്പറിനെയാണ് ഐ.പി. അഡ്രസ് എന്നു പറയുന്നത്. ഇന്‍റര്‍നെറ്റ് ആക്സസുള്ള കമ്പ്യൂട്ടറായാലും സ്മാര്‍ട്ട് ഫോണ്‍ അയാലും ടാബ്ലറ്റ് ആയാലും അവയ്ക്കൊക്കെ വ്യത്യസ്തമായ ഐ.പി. അഡ്രസ് ഉണ്ടാകും. ഇന്‍റര്‍നെറ്റിന്‍റെ തുടക്കവര്‍ഷമായ 1983 മുതല് ഉപയോഗിച്ചുവരുന്ന ഐ.പി.വി.4 പ്രോട്ടോക്കോള് പ്രകാരം 430 കോടി ഐ.പി. അഡ്രസുകളേ നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ. 12 അക്കങ്ങളുടെ പൂര്ണസംഖ്യകളുടെ കൂട്ടമായിരുന്നു ഐ.പി. അഡ്രസായി ഇതുവരെ നല്കിയിരുന്നത്. ഉദാഹരണം: 203.199.211.221.
ലോകം അഞ്ചുമേഖലകളാക്കി തിരിച്ചുകൊണ്ട് ഇന്‍റര്‍നെറ്റ് അസൈന്ഡ് നമ്പേഴ്സ് അതോറിറ്റിയാണ് ഈ അഡ്രസുകള്‍ വീതിച്ചുനല്‍കിവരുന്നത്. ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന ഏഷ്യാ-പെസഫിക് നെറ്റ് വര്‍ക്ക് മേഖല 2011 ല്‍തന്നെ തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട ഐ.പി. അഡ്രസുകള് ഉപയോഗിച്ചുതീര്‍ത്തു. മറ്റുമേഖലകളും തങ്ങളുടെ കൈവശമുള്ള ഐ.പി. അഡ്രസുകള്‍ തീരാനായെന്ന ആശങ്കയറിയിച്ചു. അതോടെ ഇനിയെന്ത് എന്ന ചോദ്യമുയര്‍ന്നു. അങ്ങനെയാണ് ഐ.പി.വി.6ന്‍റെ പിറവി സംഭവിക്കുന്നത്.
ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള് വെര്‍ഷന്‍ 6
2012 ജൂണ് ആറിന് ലോകം ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള് വെര്‍ഷന്‍ ആറിലേക്ക് (IPv6) സ്ഥാനക്കയറ്റം നേടി. ഒന്നും രണ്ടുമല്ല ഒരു ലക്ഷം കോടി ഐ.പി. അഡ്രസുകള്‍ നല്‍കാന്‍ ശേഷിയുള്ള അതിബൃഹത്തായൊരു നെറ്റ് വര്‍ക്കിങ് സാങ്കേതികതയാണ് ഐ.പി.വി 6.
ഇന്‍റര്‍നെറ്റ് സംവിധാനങ്ങളുടെ ഏകോപനച്ചുമതല വഹിക്കുന്ന രാജ്യാന്തര സംഘടനയായ ഇന്‍റര്‍നെറ്റ് സൊസൈറ്റി, ഐ.പി. അഡ്രസുകള് അനുവദിക്കുന്ന ഇന്‍റര്‍നെറ്റ് അസൈന്ഡ് നമ്പേഴ്സ് അതോറിറ്റി (ഐ.എ.എന്.എ.) എന്നിവയുടെ കാര്‍മികത്വത്തിലാണ് ലോകമെങ്ങുമുള്ള ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരും വെബ്സൈറ്റ് കമ്പനികളും ഐ.പി.വി.6 ലേക്ക് മാറിയത്.
ഐ.പി.വി. 4ല്‍ നിന്ന് 6 ലേക്കുള്ള പറിച്ചുനടല്‍ തീരുന്നതുവരെ രണ്ടു വെര്‍ഷനുകളും ഇന്‍റര്‍നെറ്റില്‍ പ്രവര്‍ത്തിക്കും ഐ.പി.വി. 4 വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളെ നിലവിലുളള മാറ്റങ്ങള്‍ യാതൊരു തരത്തിയും ബാധിക്കില്ല.
ഐ.പി.വി. 6 അഡ്രസ്സിങ് രീതി
TCP/IP ശ്രേണിയിലെ നൂതനവും വിപുലവും സങ്കീർണ്ണവും ആയ ഒരു അഡ്രസിങ് രീതി ആണ് IPv6.ഹെക്സാഡെസിമൽ സംഖ്യാ സമ്പ്രദായം ഉപയോഗിച്ചാണ് IPv6 പ്രതിനിധീകരിക്കുന്നത്. ഇതിൽ 0 മുതൽ 9 വരെയും A മുതൽ F വരെയും ഉള്ള അക്ഷരങ്ങൾ ആണ് ഉൾപ്പെടുന്നത്. ആകെ 128 ബിറ്റുകൾ ചേർന്നതാണ് IPv6. ഉദാഹരണം താഴെ കൊടുത്തിരിക്കുന്നു.
FC00:0123:0000:0000:0ACD:F73D:0000:00F5
ഐ. പി. വി. 6 രേഖപ്പെടുത്താനുള്ള എളുപ്പരീതി
ഉദാഹരണമായി FC00:0123:0000:0000:0ACD:F73D:0000:00F5 എന്ന വിലാസം എങ്ങനെ എളുപ്പ രീതിയില്‍ രേഖപ്പെടുത്താം എന്ന് നോക്കാം.
അതിനായി രണ്ട് നിയമങ്ങൾ പറയുന്നുണ്ട്;
ഒന്നാമത്തേത് പ്രകാരം ഒരോ ക്വാർഡറ്റും തുടങ്ങുന്നത് 0 കൊണ്ടാണെങ്കിൽ ആ പൂജ്യങ്ങളെ ഒഴിവാക്കാം. ഇവിടെ രണ്ടാമതെ ക്വാർഡറ്റ് ആയ 0123 യെ 123 എന്ന് പ്രതിനിധാനം ചെയ്യാം. 0000 യെ 0 എന്നും 0ACD യെ ACD എന്നും 00F5 നെ F5 എന്നും പ്രതിനിധാനം ചെയ്യാം.അങ്ങനെ ആണെങ്കിൽ മുകളിൽ കൊടുത്തിട്ടുള്ള വിലാസം FC00:123:0:0:ACD:F73D:0:F5 എന്നാകും.
രണ്ടാമത്തത് പ്രകാരം തുടരെയുള്ള പൂജ്യങ്ങളെ മുഴുവനായി ഒഴിവാക്കാം. ഇവിടെ 0123 എന്ന ക്വാർഡറ്റ് കഴിഞ്ഞാൽ 0ACD വരെ തുടരെ പൂജ്യങ്ങൾ ആണ്.കൂടാതെ F73D എന്ന ക്വാർഡറ്റ് കഴിഞ്ഞാൽ 00F5 വരെയും തുടരെ പൂജ്യങ്ങൾ ആണ്.അങ്ങനെ തുടരെ ഉള്ള പൂജ്യങ്ങൾ രേഖപ്പെടുതാൻ "::" ഉപയോഗിക്കാം. പക്ഷേ ഒരു ഐ.പി. വിലാസം വി6 ൽ ഒരു തവണ മാത്രമേ :: എന്ന ചിഹ്ന്ം വരാൻ പാടുള്ളൂ. അത് പ്രകാരം FC00:123::ACD:F73D:0:F5 എന്നാകും.
മറ്റൊരു ഐ.പി. വിലാസം FD00:0000:0000:0000:0000:0000:0012:00EF നെ എളുപ്പ രീതി യിൽ FD00::12:EF എന്ന് രേഖപ്പെടുത്താം.
ഐ.പി. വി.6 വിഭാഗങ്ങൾ
റിസേർവ്ഡ് അഡ്രസ്സ്
ഒരു ഐ.പി. വിലാസം വി6 00::/8 എന്നാണ് തുടങ്ങുന്നതെങ്കിൽ അത് ഐ.പി. വിലാസം വി6 ലെ റിസേർവ്ഡ് അഡ്രസ്സ് വിഭാഗങ്ങളിൽ പെടുന്നു. /8 എന്നത് ആദ്യത്തെ 8 ബിറ്റുകളെ സൂചിപ്പിക്കുന്നു. അതായത് ആദ്യത്തെ 8 ബിറ്റുകൾ യഥാക്രമം 0000 0000 എന്നാകും. ഈ വിഭാഗം അഡ്രസ്സ് IETF എന്ന സംഘടനയുടെ കീഴിൽ ഉള്ള പ്രത്യേക ആവശ്യങ്ങൾക്കു വേണ്ടി റിസേർവ്ഡ് ആണ്.
മൾട്ടികാസ്റ്റ് അഡ്രസ്സ്
ഒരു ഐ.പി. വിലാസം വി6 FF::/8 എന്നാണ് തുടങ്ങുന്നതെങ്കിൽ അത് ഐ.പി. വിലാസം വി6 ലെ മൾട്ടികാസ്റ്റ് അഡ്രസ്സ് വിഭാഗങ്ങളിൽ പെടുന്നു. ഇവിടെ ആദ്യത്തെ 8 ബിറ്റുകൾ യഥാക്രമം 1111 1111 എന്നാകും. ഇത് മൾട്ടികാസ്റ്റിങ് എന്ന വിവര സംപ്രേക്ഷണ രീതിക്കു വേണ്ടി റിസേർവ്ഡ് ആണ്. ഐ.പി. വിലാസം വി6 ൽ ബ്രോഡ്കാസ്റ്റിങ് എന്ന സംപ്രേക്ഷണ രീതി ഇല്ല. പകരം എനി കാസ്റ്റ് എന്ന നൂതന രീതി ആവിഷ്ക്കരിച്ചിട്ടുണ്ട്.
ഗ്ലോബൽ അഡ്രസ്സ്
ഈ വിഭാഗം പബ്ലിക്ക് അഡ്രസ്സിങ് നു വേണ്ടി മാറ്റി വച്ചിരിക്കുന്നു. ഒരു ഐ.പി. വിലാസം വി6 2 അല്ലെങ്കിൽ 3 എന്ന ഹെക്സാഡെസിമൽ അക്ഷരം ഉപയോഗിച്ച് തുടങ്ങുന്നുണ്ടെങ്കിൽ അത് ഗ്ലോബൽ അഡ്രസ്സ് ആണ്. ഇത് ഒരു ഐ.പി. വിലാസം വി4 ലെ പബ്ലിക് അഡ്രസ്സിങ് നു സമാനമാണ്. ഇന്റർനെറ്റിൽ ഒരു കമ്പ്യൂട്ടർ നെ മറ്റുള്ളവയ്ക്ക് തിരിച്ചറിയാൻ ഉപയോഗിക്കുന്ന അഡ്രസ്സ് ആണ് പബ്ലിക് അഡ്രസ്സിങ് . ഹെക്സാഡെസിമലിൽ 2 ന്റെ യും 3 ന്റെ യും ബൈനറി യഥാക്രമം 0010,0011 എന്നിങനെ ആണ്. അതായത് ആദ്യത്തെ 3 ബിറ്റുകൾ 001 ആണ്. അങ്ങനെ ആദ്യത്തെ 3 ബിറ്റുകൾ സാമ്യമായ അക്ഷരങ്ങൾ ഹെക്സാഡെസിമലിൽ ഉണ്ടെങ്കിലും 2 അല്ലെങ്കിൽ 3 അക്ഷരം ഉപയോഗിച്ച് തുടങ്ങുന്ന വിലാസങ്ങളെ ഗ്ലോബൽ അഡ്രസ്സ് ഗണത്തിൽ പെടുത്തുന്നു. മറ്റുള്ളവയെ വെവ്വേറെ ഗണങ്ങളിലും പെടുത്തിയിട്ടുണ്ട്.
ലിങ്ക് ലോക്കൽ അഡ്രസ്സ്
ഡി.എച്ച്.സി.പി സർവ്വർ നോട് ബന്ധപ്പെടാൻ കഴിഞ്ഞില്ലെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നേടിയെടുക്കുന്ന അഡ്രസ്സ് ആണ് ലിങ്ക് ലോക്കൽ അഡ്രസ്സ്. ഇത് ഒരു ഐ.പി. വിലാസം വി4 ലെ APIPA അഡ്രസ്സിങ് നു സമാനമാണ് . FE80::/10 ആണ് തുടക്കം./10 എന്നത് ആദ്യത്തെ 10 ബിറ്റുകളെ സൂചിപ്പിക്കുന്നു. FE കഴിഞ്ഞാൽ 8,9,A,B എന്നിവയിൽ ഏതെങ്കിലും വരാം. 1000,1001,1010,1011 എന്നിവ ആണ് 8,9,A,B എന്നീ ഹെക്സാഡെസിമൽ അക്ഷരങ്ങളുടെ ബൈനറി അക്കങ്ങൾ. ഇവ നാലിന്റെയും ആദ്യത്തെ 2 ബിറ്റുകൾ സമാനമാണ്. അപ്പോൾ FE യുടെ 1111 1110 എന്ന 8 ബൈനറി അക്കങ്ങൾ കഴിഞ്ഞാൽ 8,9,A,B ഇവയിൽ ഏതെങ്കിലും വരാം. അതായത് FE8 മുതൽ FEB വരെ ഏതെങ്കിലും. ഈ അഡ്രസ്സ് റൗട്ടിങ് നടത്താൻ സാധ്യമല്ല.
സൈറ്റ് ലോക്കൽ അഡ്രസ്സ്
സ്വകാര്യ(പ്രൈവറ്റ്) നെറ്റ്വർക്കുകളിൽ ഉപയോഗിക്കുന്ന ഐ.പി. വിലാസം വി6 ലെ വിഭാഗങ്ങൾ ആണ് ഇവ. FEC0::/10 ആണ് തുടക്കം. /10 എന്നത് ആദ്യത്തെ 10 ബിറ്റുകളെ സൂചിപ്പിക്കുന്നു. FE കഴിഞ്ഞാൽ C,D,E,F ഇവയിൽ ഏതെങ്കിലും വരാം. 1100,1101,1110,1111എന്നിവ ആണ് C,D,E,F എന്നീ ഹെക്സാഡെസിമൽ അക്ഷരങ്ങളുടെ ബൈനറി അക്കങ്ങൾ . ഇവ നാലിന്റെയും ആദ്യത്തെ 2 ബിറ്റുകൾ സമാനമാണ്. അപ്പോൾ FE യുടെ 1111 1110 എന്ന 8 ബൈനറി അക്കങ്ങൾ കഴിഞ്ഞാൽ C,D,E,F ഇവയിൽ ഏതെങ്കിലും വരാം. അതായത് FEC മുതൽ FEF വരെ ഏതെങ്കിലും.
കടപ്പാട്: വിക്കിപീഡിയ
Blogger Comment
Facebook Comment